ഉത്തരകൊറിയയെ എന്തിന് കുറ്റപ്പെടുത്തണം; ഇന്ത്യക്കുമുണ്ട് മാരകമായ ഹൈഡ്രജൻ ബോംബ്, നടത്തിയത് 45,000 ടൺ പ്രഹരശേഷിയുള്ള അഞ്ചു പരീക്ഷണങ്ങൾ

വ്യാഴം, 7 ജനുവരി 2016 (10:50 IST)
അണുബോംബിനെക്കാള്‍ ആയിരക്കണക്കിന് മടങ്ങ് ശക്തവും മാരകവുമായ ഹൈഡ്രജൻ ബോംബ് വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയതിനെതിരെ ലോകരാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നു. എന്നാല്‍, ഇന്ന് ലോകത്ത് അതിശക്‍തരായി നിലനില്‍ക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളുടെ പക്കലും ഹൈഡ്രജൻ ബോംബുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ലിസ്‌റ്റില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ടെന്നതാണ് എടുത്തപറയേണ്ടത്.

അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ1998 മേയിൽ മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുൽ കലാമിന്റെ നേതൃത്വത്തില്‍ പൊഖ്റാനിൽ ഇന്ത്യ നടത്തിയതും ഹൈഡ്രജൻ ബോംബ് പരീക്ഷണം തന്നെയാണെന്നാണ് ഔദ്യോഗിക നിലപാട്. 1998 മേയ് 11നും 13നുമായിരുന്നു  45,000 ടൺ മാത്രം പ്രഹരശേഷിയുള്ള അഞ്ചു പരീക്ഷണങ്ങൾ ഇന്ത്യ നടത്തിയത്. ഇതിൽ ഒരു ഫ്യൂഷൻ ബോംബും രണ്ട് ഫിഷൻ ബോംബുകളുമാണ് പരീക്ഷിച്ചത്. അതിൽ ആദ്യത്തേത് തെർമോ ന്യൂക്ലിയർ എന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്.

എന്നാല്‍ ഈ പരീക്ഷണം പരാജയമായിരുന്നുവെന്നും വിജയകരമായിരുന്നുവെന്നും ശാസ്ത്രജ്ഞന്മാർ വ്യത്യസ്ഥമായ നിലപാടെടുത്തത് ആശയക്കുഴപ്പത്തിനിടയാക്കി. എന്നാല്‍ പരീക്ഷണം നടന്നത് ഹൈഡ്രജൻ ബോംബ് തന്നെയാണെന്നാണ് അന്നത്തെ ആണവോർജ കമ്മിഷൻ ചെയർമാൻ ഡോ. രാജഗോപാൽ ചിദംബരം വ്യക്തമാക്കിയത്. വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ രൂക്ഷമായി ഉണ്ടായെങ്കിലും ഇന്ത്യയുടെ പക്കല്‍ ഹൈഡ്രജൻ ബോംബ് ഉണ്ടെന്ന് ലോകരാജ്യങ്ങള്‍ക്ക് അംഗീകരിക്കേണ്ടി വന്നു.

അതേസമയം ലോകരാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2002 രഹസ്യ ആണവായുധ പദ്ധതികള്‍ ഉണ്ടെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു ഭൂഗര്‍ഭ ആണവസ്‌ഫോടനങ്ങള്‍ അവര്‍ നടത്തി കരുത്ത് തെളിയിക്കുകയും ചെയ്‌തു. 2009, 2013 വര്‍ഷങ്ങളില്‍ ലഘു ആണവായുധങ്ങള്‍ ഉത്തരകൊറിയ പരീക്ഷിച്ച് വിജയിക്കുകയും ചെയ്‌തു. പരീക്ഷണങ്ങളില്‍ നിന്ന് ആര്‍ജവം ഉള്‍ക്കൊണ്ട് 2016 ജനുവരിയില്‍ ലോകത്തെ നടുക്കൊണ്ട് ഭരണാധികാരിയായ കിം ജോങ് ഉന്‍ ഹൈഡ്രജൻ ബോംബ് പരീക്ഷണം വിജയകരമാക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക