ഹൈദരാബാദിൽ തട്ടിക്കൊണ്ടു പോയ പത്താം ക്ലാസുകാരന്റെ മൃതദേഹം കാർഡ് ബോർഡ് പെട്ടിയിൽ; മൂന്ന് പേർ അറസ്റ്റിൽ

വെള്ളി, 18 മാര്‍ച്ച് 2016 (16:11 IST)
ഹൈദരാബാദിലെ ഷഹിനായാട്ട്ഗുഞ്ചില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ച തട്ടിക്കൊണ്ടുപോയ അഭയ് മോഡാനി എന്ന പത്താം ക്ലാസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയുടെ രണ്ട് കൈകളും കൂട്ടിക്കെട്ടി സെക്കന്തരാബാദിലെ ആല്‍ഫാ ഹോട്ടലിന് സമീപം ടെലിവിഷന്റെ കാര്‍ബോര്‍ഡ് പെട്ടിയില്‍ അടച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
 
കഴിഞ്ഞ ബുധനാഴ്ച ഭക്ഷണം വാങ്ങാനായി പുറത്ത് പോയ അഭയെ അജ്ഞാതർ തട്ടികൊണ്ടു പോകുകയര്യിരുന്നു. തട്ടിക്കൊണ്ടുപോയതിന് ശേഷം കുട്ടിയെ മോചിപ്പിക്കണമെങ്കിൽ പത്ത് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. അതില്‍ വഴങ്ങാതിരുന്ന വീട്ടുകാരെ അഞ്ച് കോടി രൂപ മതിയെന്ന് പറഞ്ഞ് വീണ്ടും കോളുകൾ വന്നിരുന്നു. 
 
ഭീഷണിയെ തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയും ഫോണ്‍കോളുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കുറ്റവാളികള്‍ക്ക് വേണ്ടി അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ സെക്കന്തരാബാദിലെ പൊതു സ്ഥലത്തു നിന്നും കണ്ടെടുക്കുന്നത്.
 
കുട്ടിയുടെ വീടിന് സമീപത്തെ സിസിടിവിയില്‍ നിന്നും അപരിചിതനായ ഒരാളുമായി അഭയ് ടു വീലറില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടിരുന്നു. പ്രതികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പത്ത് പ്രത്യേക അന്വേഷണ സംഘങ്ങളായി പിരിഞ്ഞ് പോലീസ് തിരച്ചില്‍ നടത്തുകയും മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിജയവാഡയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പ്രതികള്‍ അറസസ്റ്റിലായത്.

വെബ്ദുനിയ വായിക്കുക