കെജ്‍രിവാളിലുള്ള സകല പ്രതീക്ഷകളും അസ്തമിച്ചു: അണ്ണാ ഹസാരെ

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (17:09 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിലുണ്ടായിരുന്ന തന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് അണ്ണാ ഹസാരെ. വർഷങ്ങളായി തനിക്കൊപ്പമുണ്ടായിരുന്ന ആളാണ് കെജ്‌രിവാൾ. അദ്ദേഹത്തിൽ തനിക്ക് ഒരുപാടു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സംഭവിക്കുന്നതിൽ താൻ തീര്‍ത്തും നിരാശനാണ്. ഡൽഹി നിയമസഭയിൽ നിന്നും ചിലർ ജയിലിലേക്കാണ് പോകുന്നത്. മറ്റു ചിലർ അഴിമതി നടത്തുകയും ചെയ്യുന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി.
 
ഗ്രാമസ്വരാജിനെക്കുറിച്ചു പുസ്തകമെഴുതിയ വ്യക്തിയാണ് കെജ്‌രിവാള്‍. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ നടത്തുന്ന ഭരണത്തെ ഗ്രാമസ്വരാജ് എന്നുവിളിക്കാൻ സാധിക്കില്ല. പുതിയ പാർട്ടി രൂപീകരിക്കുന്നതിലൂടെ ലോകം ഒന്നടങ്കം തരംഗമുണ്ടാക്കാൻ സാധിക്കുമെന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അഴിമതിക്കെതിരെ റാലികൾ സംഘടിപ്പിക്കാനും പാർട്ടിയിൽ‌ ചേരുന്നവരുടെ സ്വഭാവം എന്താണെന്നു നല്ലപോലെ മനസ്സിലാക്കണമെന്ന് കെജ്‌രിവാളിനോട് പറഞ്ഞിരുന്നതായും ഹസാരെ കൂട്ടിച്ചേര്‍ത്തു.
 
ഏതൊരു പാർട്ടിയോ നേതാവോ ആയിക്കൊള്ളട്ടെ, തന്റെ അണികളുടെ സ്വഭാവം നല്ലതോ ചീത്തയോ എന്ന് അവർ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചെയ്യുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നുന്നതെന്നും ലൈംഗിക വിവാദത്തിൽപ്പെട്ടു പാർട്ടിയിൽനിന്നും നിയമസഭയിൽനിന്നും പുറത്താക്കപ്പെട്ട സന്ദീപ് കുമാറിനെക്കുറിച്ചു അദ്ദേഹം പ്രതികരിച്ചു. അശ്ലീല സിഡി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്നാണ് സന്ദീപിനെ അരവിന്ദ് കേജ്‌രിവാൾ പാർട്ടിയിൽനിന്നു പുറത്താക്കിയത്.
Next Article