റോഡില്ലാത്ത തന്റെ ഗ്രാമത്തിന് മൂന്നാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ യുവാവിന്റെ വക ഹെലികോപ്റ്റര്‍!

ബുധന്‍, 10 ഫെബ്രുവരി 2016 (10:50 IST)
ഗ്രാമത്തില്‍ മതിയായ റോഡ് സൌകര്യമില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ ചന്ദ്ര ശിവകോത്തി ശര്‍മയാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് നാട്ടുകാരെ ഞെട്ടിച്ചത്. പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവിട്ട് രണ്ട് എസ് യു വി കാറുകളുടെ എഞ്ചിനുകളാണ് ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിന് ശര്‍മ ഉപയോഗിച്ചത്.
 
മതിയായ റോഡ് സൌകര്യമില്ലാത്ത അസാമിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ ദേമാഞ്ചിയിലെ ശമാന്‍ജ്ഞലി ഗ്രാമവാസിയാണ് ചന്ദ്ര ശിവകോത്തി. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
 
തന്റെ പേരിലുള്ള ഭൂമി വിറ്റ പണവും ജോലി ചെയ്തുണ്ടാക്കിയ പണവും കൂട്ടിവച്ചാണ് ശര്‍മ ‘പവന്‍ പുത്ര’ എന്ന് പേരിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ ഉണ്ടാക്കിയത്. സാധാരണ ഹെലികോപ്റ്ററുകളുടെ അത്ര ശേഷിയില്ലെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്ററിന് കഴിയും. ഹെലികോപ്റ്റര്‍ പറത്താനുള്ള സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതിക്കായി കാത്തുനില്‍ക്കുകയാണ് ശര്‍മ. അനുമതി ലഭ്യമാക്കാനായി ഡി.ജി.സി യെ സമീപിക്കാന്‍ തീരുമാനിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ വിക്ടര്‍ കാര്‍പെന്റര്‍ പറഞ്ഞു. 
 
മൂന്നാം ക്ലാസില്‍വച്ച് പഠനം നിര്‍ത്തിയ ശര്‍മ്മയുടെ കഴിവ്  ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് ഗ്രാമവാസികള്‍ കത്തെഴുതിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക