ആന്ധ്രയില്‍ കനത്ത മഴ; 35 മരണം, നിരവധി പേരെ കാണാതായി

വെള്ളി, 20 നവം‌ബര്‍ 2015 (08:47 IST)
തമിഴ്‌നാട്ടില്‍ മഴയ്‌ക്ക് ശമനം ഉണ്ടായതോടെ ആന്ധ്രപ്രദേശില്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ ഇതുവരെ 35 പേര്‍ മരിച്ചു. മഴയില്‍ മണ്ണിടിഞ്ഞുവീണും വീടുതകര്‍ന്നും മരംവീണുമാണ് അപകടം കൂടുതല്‍ നടന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ചിറ്റൂര്‍ കഡപ്പ, നെല്ലൂര്‍, പ്രകാശം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.

പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പലയിടത്തും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. റോഡ്, ട്രെയിന്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. വീടുകള്‍ ഇടിഞ്ഞു വീണു നിരവധി പേര്‍ക്കു പരുക്കേറ്റു. നെല്ലൂരിലും ചിറ്റൂരിലും 14000 പേരെ മാറ്റി താമസിപ്പിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു. ചിറ്റൂരില്‍ 80 കന്നുകാലികള്‍ ചത്തു. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

കനത്ത മഴയ്‌ക്കൊപ്പം കാറ്റും ആഞ്ഞടിച്ചതോടെ വീടുകള്‍ തകര്‍ന്നു. ബുധനാഴ്ച രാവിലെ ലക്ഷ്മിഗരി പള്ളിയില്‍ ചുമരിടിഞ്ഞ് വീണ്
വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കുട്ടികളും സ്‌ത്രീകളുമാണ് മരിച്ചവരില്‍ ഏറെയും. മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സഹായത്തിന് സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനും ഭക്ഷണവും കുടിവെള്ളവും നല്‍കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കി.

വെബ്ദുനിയ വായിക്കുക