ഗുര്‍ദാസ്‌പൂരില്‍ രണ്ട് ഭീകരവാദികള്‍ കൂടിയുണ്ടെന്ന് പ്രദേശവാസികള്‍

വെള്ളി, 8 ജനുവരി 2016 (08:25 IST)
കഴിഞ്ഞ ഒരാഴ്ച രാജ്യത്തെ ഭീകരവാദികള്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഗുര്‍ദാസ്‌പുര്‍ മേഖലയില്‍ ഭീകരരുടെ ഭീഷണി ഒഴിയുന്നില്ല. ഗുര്‍ദാസ്‌പൂരില്‍ ഇനിയും രണ്ട് ഭീകരര്‍ കൂടിയുണ്ടെന്നും അവരെ തങ്ങള്‍ കണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. 
 
പാന്ഥേര്‍ ഗ്രാമവാസിയായ നാല്പത്തിനാലുകാരനായ സത്‌നാം സിംഗ് ആണ് ഭീകരരെ കണ്ട കാര്യം സ്ഥിരീകരിച്ചത്. ആര്‍മി വസ്ത്രധാരികളായ രണ്ടുപേരെ കണ്ടെന്നും തങ്ങളെ കണ്ടപ്പോള്‍ കുറച്ചുസമയം നോക്കിയതിനു ശേഷം കരിമ്പിന്‍പാടത്തില്‍ അവര്‍ അപ്രത്യക്ഷരായെന്നും സത്‌നാം സിംഗ് പറയുന്നു. സത്‌നാം സിംഗ്, അദ്ദേഹത്തിന്റെ ബന്ധു രജിന്ദര്‍ സിംഗ് എന്നിവരാണ് ഭീകരവാദികളെ കണ്ടതായി ദേശീയ മാധ്യമത്തോട് പറഞ്ഞത്.
 
സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അതേസമയം, ആര്‍മിയും പഞ്ചാബ് പൊലീസും പ്രദേശത്ത് സുരക്ഷ ശക്തമാക്കി തമ്പടിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക