ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല: കുറ്റക്കാരെന്നു കണ്ടെത്തിയവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
വ്യാഴം, 9 ജൂണ്‍ 2016 (08:18 IST)
2002ലെ ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധമായ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കുള്ള ശിക്ഷ അഹ്മദാബാദിലെ പ്രത്യേക എസ്ഐടി കോടതി ഇന്ന് പ്രഖ്യാപിക്കും. സംഭവത്തിൽ 24 പ്രതികൾ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കഴിഞ്ഞ രണ്ടിനു വിധി പ്രഖ്യാപിച്ചിരുന്നു.
മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രിയടക്കം 69 പേരുടെ മരണത്തിനിടയാക്കിയ ഗുല്‍ബര്‍ഗ് ഹൌസിംഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 36 പേരെ വെറുതെവിട്ടപ്പോള്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയ പ്രതികളില്‍ 11പേര്‍ക്ക് കൊലക്കുറ്റത്തിനും 13 പേര്‍ക്ക് ഗൗരവമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കുമാണ് ശിക്ഷ പ്രഖ്യാപിക്കുക.
14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ കേസില്‍ കഴിഞ്ഞ ആഴ്‌ചയാണ് വിധിപ്രഖ്യാപിച്ചത്. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ കെജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു. 2002 ഫെബ്രുവരി 28നു പാർപ്പിട സമുച്ചയമായ ഗുൽബർഗിൽ നടന്ന കൂട്ടക്കുരുതിയിൽ മരിച്ചത്. 200 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.
അഹമ്മദാബാദിലെ നരോദ പാട്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗില്‍ നടന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച ഒമ്പതു കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കേസ്.