ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കൻ ജില്ലകളിലും ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റി പർപ്പിച്ചു.
അതേസമയം ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ,തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.ഇതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 26 മുതൽ 27 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.