വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു; ഗ്രീന്‍ പീസ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി
വ്യാഴം, 9 ഏപ്രില്‍ 2015 (18:36 IST)
രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രാജ്യാന്തര സന്നദ്ധ സംഘടനയായ ഗ്രീന്‍ പീസ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ വിദേശത്തു നിന്ന് സഹായം വാങ്ങി ഗ്രീന്‍പീസ് പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് കേന്ദ്രം ഇവര്‍ക്കു മേല്‍ ഉന്നയിക്കുന്നത്.
ഇന്ത്യയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ പീസ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതോടെ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിലയ്‌ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഐഡിബിഐ, ഐസിഐസിഐ, യെസ് ബാങ്ക് തുടങ്ങിയവയില്‍ ഉണ്ടായിരുന്ന സംഘടനയുടെ ഏഴ് അക്കൌണ്ടുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചു.
റജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ദേശീയ സാമ്പത്തിക സുരക്ഷയ്ക്ക് ഗ്രീന്‍പീസ് ഇന്ത്യ ഭീഷണിയാണെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെയും രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗ്രീന്‍ പീസിനെതിരെ കേന്ദ്രം രംഗത്ത് വന്നിരുന്നു. രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ വിദേശത്ത് നിന്ന് പണം വാങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമായിരുന്നു അന്നും ഗ്രീന്‍ പീസിന് നേരിടേണ്ടി വന്നത്. അതിനാല്‍ വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു ഗ്രീന്‍ പീസ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.