കള്ളപ്പണം തടയാന്‍ കഴിയും; രണ്ട് ലക്ഷത്തിലധികം കറന്‍സി ഇടപാട് വേണ്ടെന്ന് കേന്ദ്രസർക്കാർ

ചൊവ്വ, 21 മാര്‍ച്ച് 2017 (19:19 IST)
കറൻസി ഇടപാട്​ പരിധി രണ്ട്​ ലക്ഷമാക്കി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പകരം ഡിജിറ്റൽ ഇടപാടുകൾക്കും പ്രാധാന്യം നൽകുകയാണ് ലക്ഷ്യം. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാൻ സാധിക്കുമെന്നും കള്ളപ്പണം തടയാനും കഴിയുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ഇതനുസരിച്ച്​ ഒരു വ്യക്‌തിയിൽ നിന്ന് ഒരു  ദിവസം കറൻസിയായി രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ സ്വീകരിക്കാനാവു. ഇതിനു മുകളിലുള്ള ഇടപാടുകൾ ചെക്ക് വഴിയോ ഡിജിറ്റൽ മാർഗങ്ങളിലൂടെയോ നടത്തണം.

കറൻസിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. നിയമം ലംഘിക്കുന്നവർക്ക്​ ഇടപാട്​ നടത്തിയ തുകയുടെ നൂറ്​ ശതമാനം പിഴ ചുമത്തുകയും ചെയ്യും.

ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സി പരിധി മൂന്ന് ലക്ഷമായി നിജപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഈ പരിധി വീണ്ടും രണ്ട് ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വെബ്ദുനിയ വായിക്കുക