അഛേ ദിന്‍ വന്നുതുടങ്ങിയോ? ഒറ്റവര്‍ഷം കൊണ്ട് രാജ്യത്തിന്റെ ജിഡിപിയില്‍ വമ്പന്‍ കുതിപ്പ്

ശനി, 30 മെയ് 2015 (08:26 IST)
സാമ്പത്തിക പുരോഗതിയില്‍ ലോക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ കൂടുതല്‍ ശക്തയാകുന്നു എന്നതിന്റെ സൂചനകള്‍ പുറത്തുവന്നുതുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളിലെ മുരടിപ്പിനു ശേഷം ഇന്ത്യയുടെ മൊത്ത സാമ്പത്തിക ആഭ്യന്തരരോത്പാദനത്തില്‍ (ജിഡിപി) വമ്പന്‍ കുതിപ്പ് രേഖപ്പെടുത്തി. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ മൊത്തം ആഭ്യന്തരരോത്പാദനം 7.5% ആയി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6.6 എന്ന സ്ഥാനത്തുനിന്നാണ് ഈ കുതിപ്പ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ വളര്‍ച്ചാ നിരക്ക് 7.3 ആണെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ഉത്പാദനം 6.9 ശതമാനമായിരുന്നു. ഇക്കൊല്ലം വളര്‍ച്ച 7.4 ശതമാനത്തിലെത്തുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിഗമനം. രാജ്യം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്ന അളവുകോലാണ് ജിഡിപി. രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതു മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനെയാണു ജിഡിപി എന്നു പറയുന്നത്. രാജ്യത്ത് ഒരു കാലയളവില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും വിപണി മൂല്യമാണു മൊത്തം ആഭ്യന്തരോത്പാദനം അഥവാ ജിഡിപി.

അതിനാല്‍ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ കവച്ചുവച്ചു എന്നുതനെ പറയാം.  ജനുവരി - മാര്‍ച്ച് കാലയളവില്‍ ചൈനയേക്കാള്‍ മുന്‍പിലാണു വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ‍. ഏഴു ശതമാനമായിരുന്നു അവസാന പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക്. വരും കാലയളവില്‍ ചൈനയുടെ ജിഡിപി 6.8 %ആയി കുറയുമെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക