തവള കനിഞ്ഞാന്‍ മഴ പെയ്യുമെന്ന് ഗ്രാമമുഖ്യന്‍; തവളകളെ പൂജിക്കുന്ന ഗ്രാമം

ബുധന്‍, 27 ഏപ്രില്‍ 2016 (10:45 IST)
ബംഗലൂരു: രാജ്യം കടുത്തവരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ മഴ പെയ്യാനായി വ്യത്യസ്ഥ മാര്‍ഗങ്ങള്‍ തേടുകയാണ് മൈസൂരിനടുത്തുള്ള ബെലിവാടി ഗ്രാമത്തിലെ നിവാസികള്‍. തവളകളെ സന്തോഷിപ്പിച്ചാല്‍ മഴ പെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഗ്രാമീണര്‍ തവളകളെ പൂജിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

വരള്‍ച്ച മൂലം കൃഷി നശിക്കുകയും ജീവിതം താറുമാറായ അവസ്ഥയിലുമാണ് വ്യത്യസ്‌തമായ ഒരു പൂജ നടത്താന്‍ പദ്ധതിയിട്ടത്. ഗ്രാമത്തിലെ കുളത്തില്‍ നിന്ന് പിടികൂടുന്ന തവളകളെ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കെട്ടിവെച്ചാണ്‌ പൂജ നടത്തുന്നത്‌. മഴകളെ സന്തോഷിപ്പിച്ചാല്‍ മഴ ദൈവങ്ങള്‍ കനിയുമെന്നും ശക്തമായ മഴ എത്തുമെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്.

ഗ്രാമമുഖ്യന്റെ നേതൃത്വത്തീല്‍ നടത്തുന്ന പൂജയ്‌ക്ക് വലിയ ജനക്കൂട്ടവും പങ്കാളിയാകുന്നുണ്ട്. പൂജയ്‌ക്കുശേഷം തവളയുള്ള പീഠം ഗ്രാമത്തിലെ ഏറ്റവും പ്രായമുള്ളയാളുടെ തലയില്‍ വെച്ചശേഷം ഗ്രാമം ചുറ്റിച്ചു. ഗ്രാമത്തിലുള്ളവരെല്ലാം ഓരോ കുടം വെള്ളം കൊണ്ടുവന്ന്‌ തവളയുടെ മുകളില്‍ ഒഴിച്ചു. ഇതിനുശേഷം തവളയെ കുളത്തില്‍ തന്നെ വിട്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക്‌ ഭക്ഷണവും ഒരുക്കിയിരുന്നു.

തവളയെ പൂജിച്ചത്‌ മൂലം മുന്‍ വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക്‌ മഴ ലഭിച്ചുവെന്നാണ്‌ ഇവര്‍ പറയുന്നത്‌. മഴ പെയ്യുന്നതിനായി രാജ്യത്തെ വിവിധ ഗ്രാമങ്ങള്‍ ഇത്തരത്തിലുള്ള വ്യത്യസ്ഥമായ പൂജകളും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. പലയിടത്തും വ്യത്യസ്ഥമായ രീതിയിലാണ് ആരാധനകള്‍ നടക്കുന്നത്.

വെബ്ദുനിയ വായിക്കുക