അതൊരു സിനിമാ മാത്രമാണ്, അന്തിമവിധി പ്രേക്ഷകരുടേത്; മെര്‍സലിനെ പിന്തുണച്ച് ഹൈക്കോടതി
വെള്ളി, 27 ഒക്‌ടോബര്‍ 2017 (13:32 IST)
തമിഴ് സിനിമയെ പിടിച്ചുകുലുക്കിയ മെര്‍സല്‍ വിവാദത്തിന് മദ്രാസ് ഹൈക്കോടതിയുടെ ആശ്വാസ വിധി. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങൾ നീക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളി. സിനിമയെ സിനിമയായി കാണണമെന്ന് പറഞ്ഞ കോടതി സിനിമ പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അതെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ലെന്നും വ്യക്തമാക്കി.
മെര്‍സല്‍ എന്ന ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങളിലെ അന്തിമവിധി പ്രേഷകരുടെയും ജനങ്ങളുടെയുമാണ്. അതൊരു സിനിമ മാത്രമാണ്. അല്ലാതെ യഥാര്‍ഥ സംഭവമൊന്നുമല്ല. രാജ്യത്ത് എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമർത്താനാകില്ലെന്നും ജസ്റ്റിസുമാരായ എംഎം സുന്ദരേഷും എം സുന്ദറും വ്യക്തമാക്കി.
രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമാക്കി അഭിഭാഷകനായ എ അശ്വത്ഥമന്‍ എന്നയാള്‍ നല്‍കിയ പൊതുതത്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്.
അതേസമയം, ഇന്ന് റിലീസ് ചെയ്യാനിരുന്ന മെർസലിന്റെ തെലുങ്ക് പതിപ്പ് അദിരിന്ദിയുടെ റിലീസ് നീട്ടിവച്ചു. സെൻസർ ബോർഡിൽ നിന്നുള്ള പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് റിലീസ് മാറ്റി വെച്ചിരിക്കുന്നത്.