എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വിശ്വസ്തന്‍ റോയുടെ ഏജന്റ് ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2016 (07:56 IST)
കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ഡെപ്യൂട്ടി ആയിരുന്ന ഗോപാലസ്വാമി മഹേന്ദ്രരാജ എന്ന മഹത്തയ്യ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റ് ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ നീന ഗോപാല്‍ രചിച്ച ദി അസാസിനേഷന്‍ ഓഫ് രാജീവ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. രാജീവ് ഗാന്ധി വധിക്കപ്പെടും മുമ്പ് അദ്ദേഹത്തെ അഭിമുഖം ചെയ്ത മാധ്യമ പ്രവര്‍ത്തകയാണ് നീന ഗോപാല്‍.
 
റോയുടെ ചാരനായി 1989ലാണ് മഹത്തയ്യയെ റിക്രൂട്ട് ചെയ്തതെന്നും പുസ്‌കതത്തില്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയ്‌ക്കെതിരെ എല്‍ടിടിഇ നടത്തുന്ന നീക്കങ്ങള്‍ സംഘടനയുടെ ഉള്ളില്‍ നിന്ന് വിഫലമാക്കുകയും പ്രഭാകരനെ മറികടന്ന് എല്‍ടിടിയുടെ നേതൃത്വം ഏറ്റെടുക്കുകയുമായിരുന്നു മഹത്തയ്യയുടെ ദൗത്യമെന്ന് പുസ്തകത്തില്‍ പറയുന്നു.
 
എല്‍ടിടിഇയുടെ തലപ്പത്ത് വരെ ചാരനെ നിയമിക്കാന്‍ കഴിഞ്ഞതില്‍ റോ അമിത ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധിയെ വധിക്കാനുള്ള നീക്കം അറിയുന്നതില്‍ റോയും മഹത്തയ്യയും പരാജയപ്പെട്ടതായും പുസ്തകത്തില്‍ വിവരിക്കുന്നു. രാജീവ് ഗാന്ധിയെ വധിച്ച് പ്രഭാകരന്‍ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് റോയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പിന്നീട് പ്രതികരിച്ചിരുന്നതായും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്.
 
1993ല്‍ പത്തോളം എല്‍ടിടി കമാന്‍ഡര്‍മാര്‍ സഞ്ചരിച്ച കപ്പലിനെക്കുറിച്ച് ഇന്ത്യയ്ക്ക് രഹസ്യവിവരം നല്‍കിയത് മഹത്തയ്യയായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ 1994 ഡിസംബറില്‍ എല്‍ടിടിഇ തന്നെയാണ് മഹത്തയ്യയെ വധിച്ചത്.  മഹത്തയ്യയുടെ അനുയായികളായിരുന്ന 257 പേരെയും എല്‍ടിടിഇ വധിച്ചിരുന്നു. 2009ല്‍ പ്രഭാകരനെ വധിക്കാനുള്ള നീക്കത്തില്‍ റോയ്ക്കും പങ്കാളിത്തമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.
 
Next Article