തമിഴകം നിശ്ചലമായി; യുവജനമുന്നേറ്റം കണ്ട് പകച്ച് തമിഴ്നാട്, എ ആർ റഹ്മാനൊപ്പം നിരാഹാരമിരിക്കാൻ സൂര്യയും ധനുഷും!

വെള്ളി, 20 ജനുവരി 2017 (07:24 IST)
ജെല്ലിക്കെട്ട് വിഷയം തമിഴ്നാട്ടില്‍ കത്തിപ്പടരുകയാണ്. തമിഴകത്തെ പഴയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനു സമാനമായ പ്രക്ഷോഭം ആളിക്കത്തുകയാണ്. മുമ്പൊരിക്കലും കാണാത്ത കൂട്ടായ്മ. ജെല്ലിക്കെട്ട് ഉടന്‍ നടത്തണമെന്നും പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് വലിയ സമരരീതി കൈക്കൊള്ളുകയാണ്.  ജെല്ലിക്കെട്ടിന് അനുമതി തേടി തെരുവിലിറങ്ങിയ വിദ്യാർഥികളുടെ പ്രക്ഷോഭം അതിശക്തമായി നാലാം ദിനത്തിലേക്ക് കടക്കുകയാണ്. 
 
വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ അറിയിച്ച് വ്യാപാരി, മോട്ടോർ വാഹന, ബസ് തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. തമിഴകം ഇന്നു നിശ്ചലമാകും. ഡിഎംകെ ട്രെയിനുകൾ തടയും. പൊള്ളാച്ചിയിൽ ഇന്നലെത്തന്നെ കേരളത്തിലേക്കുള്ള ബസുകൾ തടഞ്ഞു. സേലത്തു തടഞ്ഞിട്ട ട്രെയിനിനു മുകളിൽ കയറിയ വിദ്യാർഥിക്കു വൈദ്യുതാഘാതമേറ്റു. ട്രെയിൻയാത്രക്കാരെ ഇറക്കിവിട്ടു. ട്രെയിനിന്റെ ഗ്ലാസുകളും ലൈറ്റും തകർത്തു. 
 
ഇന്ത്യയുടെ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്‌മാന്‍ ജെല്ലിക്കെട്ട് സമരത്തിന് അനുഭാവം പ്രഖ്യാപിച്ച് വെള്ളിയാഴ്ച നിരാഹാരം അനുഷ്ഠിക്കും. ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, താരങ്ങളായ സൂര്യ, ധനുഷ്, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും വെള്ളിയാഴ്ച ഉപവാസ സമരം നടത്തും.
 
സ്കൂളുകള്‍ക്ക് അവധി നല്‍കിയും കടകമ്പോളങ്ങള്‍ അടച്ചിട്ടും സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതുപോലെ വാഹനങ്ങളും നിരത്തിലിറക്കില്ലെന്നും അറിയിപ്പുണ്ട്. ചെന്നൈയുടെ മുക്കിലും മൂലയിലും വിദ്യാര്‍ത്ഥികളും ഐ ടി ഉദ്യോഗസ്ഥരും പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
 
മദ്രാസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വെള്ളിയാഴ്ച കോടതി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ ടാക്സി യൂണിയനുകളും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരത്തിൽ ഇടപെടുന്നില്ല. സമരക്കാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകിയവരോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതി നിർദേശം.
 
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ജെല്ലിക്കെട്ടിന് അനുമതി നൽകി ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിയില്ല. സാംസ്കാരിക പ്രാധാന്യം ഉൾക്കൊണ്ട്, തമിഴ്നാട് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കു പിന്തുണ നൽകാം. പ്രശ്നപരിഹാരം തേടി തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
 

വെബ്ദുനിയ വായിക്കുക