തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച; തന്ത്രങ്ങള്‍ മെനഞ്ഞ് ഇരുപക്ഷവും

വെള്ളി, 17 ഫെബ്രുവരി 2017 (09:19 IST)
തമിഴ്നാട് നിയമസഭയില്‍ ശനിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കും. നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് എടപ്പാടി കെ പളനിസാമി വ്യാഴാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചത്തെ സമയം ഗവര്‍ണര്‍ നല്കിയിട്ടുണ്ടെങ്കിലും വിശ്വാസവോട്ട് എന്ന കടമ്പ എത്രയും പെട്ടന്ന് മറികടക്കാനാണ് പളനിസാമി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
 
കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാര്‍ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നെങ്കിലും സത്യപ്രതിജ്ഞയ്ക്കു ശേഷം റിസോര്‍ട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. 117 പേരുടെ പിന്തുണയാണ് മുഖ്യമന്ത്രിയായി തുടരാന്‍ പളനിസാമിക്ക് ലഭിക്കേണ്ടത്.
 
അതേസമയം, പാര്‍ട്ടി വിപ്പ് നല്കുകയാണെങ്കില്‍ വിമതരായി നില്‍ക്കുന്ന എം എല്‍ എമാര്‍ വിപ്പ് അനുസരിക്കുമോ അതോ വിപ്പ് ലംഘിച്ച് എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യരാക്കപ്പെടുമോ എന്നതും തമിഴ് രാഷ്‌ട്രീയം ഉറ്റുനോക്കുകയാണ്. 
 
ശശികലയെ എ ഡി എം കെ ജനറല്‍ സെക്രട്ടറി ആക്കിയതിനെതിരെ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച എം പിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ കമ്മീഷന്‍ എടുക്കുന്ന തീരുമാനവും നിര്‍ണായകമാണ്.

വെബ്ദുനിയ വായിക്കുക