പ്രളയമുണ്ടായത് ഇന്ത്യ അണക്കെട്ട് തുറന്നുവിട്ടതിനാലാണത്രേ!

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (16:28 IST)
വെള്ളം നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാടിനേപ്പോലെ പാക്കിസ്ഥാനിലും വൈകാരികമായ വിഷയമാണ്. എന്നാല്‍ പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ നടക്കുന്നവരേപ്പോലെയാണ് പാക്കിസ്ഥാനിലെ ചില തീവ്രവാദികള്‍. ആക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിരവധി ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ ലഷ്കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സൈദും പെടും. ഇന്ത്യക്കെതിരേ പാര പണിയാന്‍ കിട്ടുന്ന അവസരങ്ങള്‍ ഇദ്ദേഹം പാഴാക്കാറുമില്ല.

എന്നാല്‍ ഇത്തവണ സൈദിന്റെ ആരോപണം അല്‍പ്പം കടന്നുപോയി. കനത്തമഴയേത്തുടര്‍ന്ന് ഹിമാലയന്‍ നദികള്‍ കരകവിഞ്ഞ് കശ്മീരിലും പാക് അധീന കശ്മീരിലും പ്രളയമുണ്ടായതാണ് സൈദും കൂട്ടരും മുതലെടുക്കാ നോക്കുന്നത്. ഇന്ത്യ അണക്കെട്ടുകളിലേ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് പക്കിസ്ഥാനില്‍ പ്രളയമുണ്ടായതെന്നാണ് സൈദിന്റെ പുതിയ കണ്ടുപിടുത്തം.

ജമ്മു കശ്മീരിലെ പ്രളയം മറയാക്കി ഇന്ത്യക്കെതിരെ അഭിപ്രായ രൂപീകരണത്തിനാണ് ഹാഫീസ് സൈദും മറ്റ് തീവ്രവാദ സംഘടനകളും തയ്യാറെടുക്കുന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവനയേ രഹസ്യന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

വെള്ളം എന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം ഒരു വൈകാരിക വിഷയമാണ്. ക്രമാതീതമായ ജനസംഖ്യ വര്‍ധനവിന്‍െറ പശ്ചാത്തലത്തില്‍ കുടിവെള്ളത്തിനും കൃഷിക്കുമായി ഹിമാലയത്തില്‍ നിന്നുള്ള നദികളെയാണ് പാകിസ്താന്‍ ആശ്രയിക്കുന്നത്.

ഈ വൈകാരികതയേ മുതലെടുക്കാനായാണ് സൈദ് ശ്രമിക്കുന്നത്. തരിശുഭൂമിയില്‍ ജലസേചനം നടത്തിയതിന് ശേഷമുള്ള അധിക ജലം ഇന്ത്യ മുന്നറിയിപ്പില്ലാതെ പാകിസ്താനിലേക്ക് ഒഴുക്കുകയാണെന്ന് സഈദ് ആരോപിക്കുന്നു. ഇത്തരം നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്നും അല്ളെങ്കില്‍ ഇത് പാകിസ്താന് അപകടകരമാണെന്നും സൈദ് പറയുന്നു.

കാലങ്ങളായി തങ്ങളുടെ ഗോതമ്പ്, പരുത്തി കൃഷികള്‍ നശിപ്പിക്കാന്‍ ഇന്ത്യ മനഃപൂര്‍വം അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുകയാണെന്നാണ് പാകിസ്താനിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാല്‍ വെറുതേ ആരോപണം നടത്തുന്നതല്ലാതെ ഇതേവരെ യാതൊരു തെളിവും ഇക്കൂട്ടര്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍ ഇവരുടെ വാദങ്ങള്‍ സാധാരണക്കാരായ കര്‍ഷകര്‍ വിശ്വസിക്കാറാണ് പതിവ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക