അസാമും മേഘാലയയും പ്രളയഭീതിയില്‍; 10 മരണം, മഴ തുടരുന്നു
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (13:30 IST)
ജമ്മു കാശ്മീരിന് പിന്നാലെ അസമും മേഖാലയും പ്രളയഭീതിയില്‍. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഇതുവരെ പത്തു പേർ മരിച്ചു. മേഘാലയയുടെ കിഴക്കൻ മേഖലകളും അസമിന്റെ താഴ്ന്ന ഭാഗങ്ങളും ഇതിനകം തന്നെ വെള്ളത്തിനടിയിലായി. ഒരു ലക്ഷത്തിലധികമാളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.
മൂന്ന് ദിവസമായി അസമിലും മേഘാലയിലും ശക്തമായ മഴയും കാറ്റുമാണ് നടമാടുന്നത്. ഇരു സംസ്ഥാനങ്ങളിലും വാർത്താ വിനിമയ ബന്ധങ്ങൾ താറുമാറായി. പ്രധാന റോഡുകളും സഞ്ചാര മാര്‍ഗങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും കനത്ത മണ്ണിടിച്ചില്‍ പതിവായിരിക്കുകയാണ്. അതിര്‍ത്തി സുരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഗുവാഹതിയില്‍ നിന്ന് 50,000 പേരെ സെന്യം രക്ഷപ്പെടുത്തിയെന്ന് ഗോല്‍പര ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രീതം സൈകിയ പറഞ്ഞു. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കം നിരവധി ഗ്രാമങ്ങളില്‍ ഇനിയും കെടുതി വിതയ്ക്കാന്‍ കാരണമാകും. മേഘാലയയിലെ പടിഞ്ഞാറൻ ഗാരോ കുന്നുകൾക്ക് സമീപം ഒരു ലക്ഷം പേരാണ് മഴയിൽ ദുരിതം അനുഭവിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ നിര്‍ബദ്ധിത അവധി നല്‍കിയിരിക്കുകയാണ്.