സമാജ്‌വാദി പാര്‍ട്ടിയില്‍ പോര്; അഖിലേഷ് യാദവിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി; പോര് അച്‌ഛനും മകനും തമ്മില്‍

ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (13:51 IST)
കുടുംബാംഗങ്ങള്‍ തമ്മിലുള്ള പോര് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ കനക്കുകയാണ്. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് നീക്കി. സമാജ്‌വാദി പാര്‍ട്ടി ദേശീയ നേതാവും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവ് ആണ് മകനെതിരെ നടപടി സ്വീകരിച്ചത്.
 
മകനെ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയ പിതാവ് തല്‍സ്ഥാനത്ത് തന്റെ സഹോദരനും മന്ത്രിയുമായ ശിവ്‌പാല്‍ യാദവിനെ നിയോഗിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച സംഭവങ്ങള്‍ നടന്നത്. അധ്യക്ഷസ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അഖിലേഷ് ശിവ്‌പാലിന്റെ പ്രധാന വകുപ്പുകള്‍ എടുത്തുമാറ്റി.
 
ശിവ്‌പാലിന്റെ അടുത്ത അനുയായിയായിരുന്ന ചീഫ് സെക്രട്ടറി ദീപക് സിംഘലിനെ അഖിലേഷ് ചൊവ്വാഴ്ച സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതാണ് പോരിന് തുടക്കമായത്. മൂന്നുമാസം മുമ്പ് ആയിരുന്നു ദീപക് സിംഘലില്‍ ചീഫ് സെക്രട്ടറിയായത്.

വെബ്ദുനിയ വായിക്കുക