കടുത്ത ശൈത്യത്തെ അവഗണിച്ച് ട്രാക്ടറുകളിൽ അരിയും അവശ്യസാധനങ്ങളുമായാണ് ആയിരകണക്കിന് കർഷകർ രാജ്യതലസ്ഥാനത്തിലേക്ക് നീങ്ങുന്നത്. അതേസമയം ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.സിമന്റ് ബാരിക്കേഡുകള്‍ക്ക് പുറമെ മുള്‍കമ്പികളും ഉപയോഗിച്ചാണ് ഇവിടെ റോഡുകൾ അടച്ചിട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡൽഹിയിലേക്ക് നീങ്ങുന്നത്. ആയിരത്തിലധികം കാർഷിക നേതാക്കളെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ സമരക്കാരെ തടയാൻ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു.മധ്യപ്രദേശില്‍നിന്നു പ്രകടനമായി പുറപ്പെട്ട സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ ആഗ്രയ്ക്കുസമീപം അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഉപരോധം നടത്തുമെന്നാണ് സമരം നയിക്കുന്ന ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം.