മധ്യപ്രദേശില്‍ കര്‍ഷക സമരത്തിനു നേരെ പൊലീസ് വെടിവയ്‌പ്പ്; അഞ്ച് മരണം - ഇന്റര്‍നെറ്റ് നിരോധിച്ചു
ചൊവ്വ, 6 ജൂണ്‍ 2017 (16:31 IST)
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്‍ദ്സോറില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് വിവരം. പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന പ്രതിഷേധമാണ് ഇന്ന് അക്രമാസക്തമായതും പൊലീസ് വെടിവെയ്‌പ് ഉണ്ടായതും. ഇതോടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി.
പലയിടത്തും കർഷകർ കല്ലെറിയുകയും വാഹനങ്ങൾക്ക് തീ ഇടുകയും ചെയ്തു. കടകളും കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് ഉജ്ജെയിന്‍,ദേവാസ്, ഇന്‍ഡോര്‍ ജില്ലകളിലാണ്‍ ഇന്റര്‍നെറ്റ് സര്‍വ്വീസിന് നിരോധനം ഏര്‍പ്പെടുത്തിയത്.
ഉള്ളി, പരിപ്പ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കണം. ബിജെപി തന്നെ ഭരിക്കുന്ന മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ചെയ്തതുപോലെ കാർഷിക കടങ്ങൾ എഴുതി തള്ളണം തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ.