വ്യാജ വാട്സാപ് സന്ദേശം: രണ്ടുപേരെ ആൾകൂട്ടം തല്ലിക്കൊന്നു

വെള്ളി, 11 മെയ് 2018 (15:58 IST)
ചെന്നൈ: വ്യാജ വാട്‌സാപ് സന്ദേശങ്ങളുടെ പേരിൽ തമിഴ്‌നാട്ടിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പുറത്തുനിന്ന് വരുന്നവരെ സൂക്ഷിക്കുക, അവർ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന വ്യാജ സന്ദേശങ്ങളിൽ വിശ്വസിച്ചവരാണ് രണ്ടുപേരെ അക്രമിച്ചത്. തമിഴ്‌നാട്ടിലെ പുലിക്കട്ടിൽ യുവാവിനെ ഒരു സംഘം തല്ലിക്കൊന്നതിന് ശേഷം പാലത്തിൽ നിന്ന് താഴേക്ക് തൂക്കിയെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
 
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഉത്തരേന്ത്യയിൽ നിന്ന് വന്നവരാണെന്ന് കരുതിയാണ് ആൾക്കൂട്ടം ഇയാളെ തല്ലിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു. രുക്‌മിണി എന്ന അടുപത്തിനാലുകാരിയ്‌ക്ക് നേരെയായിരുന്നു അക്രമം. നാട്ടുകാരുടെ അക്രമത്തിൽ ഇവരുടെ നാലു ബന്ധുക്കൾ ചികിത്സയിലാണ്. തമിഴ്നാട്ടുകാരനായ വയോധികനും വ്യാജ വാർത്തയുടെ പേരിൽ ആൾക്കൂട്ടം അക്രമിച്ച് കൊന്നവരിൽ ഉൾപ്പെടുന്നു.
 
കുടുംബക്ഷേത്രത്തിൽ ആരാധന നടത്താൻ ഗ്രാമത്തിലെത്തിയ ഇവർ ദർശനത്തിന് ശേഷം കുട്ടികൾക്ക് മധുരവിതരണം നടത്തിയിരുന്നു. മിഠായി നൽകി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കരുതിയായിരുന്നു നാട്ടുകാർ ആക്രമിച്ചത്. ആക്രമിക്കുന്നതിനിടെ അവർക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻപോലും ആളുകൾ തയ്യാറായില്ലെന്ന് രുക്‌മണിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
 
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പ്രത്യേക സംഘം ഇറങ്ങിയിട്ടുണ്ടെന്ന വ്യാജ വാർത്ത വാട്‌സാപ്പിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതിനെത്തുടർന്ന് നിരവധി സ്ഥലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്. ഇങ്ങനെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പൊലീസ് പലവട്ടം പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരുന്നതുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍