കേരളത്തിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്. സമൂഹ മാധ്യമങ്ങളെയും ചില പോര്‍ട്ടലുകളെയും ഉപയോഗിച്ചാണ് ഈ നീക്കം നടത്തുന്നത്. ദേശീയ തലത്തില്‍ കേരളത്തെ അപമാനിച്ച് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനായി ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സാധവി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റെ പ്രഥമ ശത്രു ഇടതുപക്ഷമായതിനാലാണ് കേരളത്തിനെതിരെ ശക്തമായ വ്യാജ പ്രചാരണം നടത്തുന്നത്. കേരളത്തില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹിന്ദുക്കള്‍ എന്ന അടിക്കുറിപ്പോടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ദുര്‍ഗാപൂജ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ടെന്നും പ്രമുഖ മലയാളം വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സാധവി പറഞ്ഞു.
റൈറ്റ് ലോഗ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വ്യാജവാര്‍ത്തകള്‍ മെനയുന്നത്. സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലുകള്‍ വഴി പുറത്തുവരുന്നത് വ്യാജവാര്‍ത്തകളാണ്. ഇതിനായി നല്ല തോതില്‍ പണം ചെലവഴിക്കുന്നുണ്ട്. അമീര്‍ ഖാന്‍, ബര്‍ഖാ ദത്ത്, രാജ്ദീപ് സര്‍ദേശായി തുടങ്ങിയവര്‍ക്കെതിരായ സംഘടിത പ്രചാരണം ബോധപൂര്‍വം സൃഷ്ടിച്ചതാണ്. കോണ്‍ഗ്രസ് വിരുദ്ധ വികാരം സൃഷ്ടിക്കാനും നീക്കം നടക്കുന്നുണ്ടെന്നും സാധവി വെളിപ്പെടുത്തുന്നു.
അതേസമയം, സാധവിയുടെ വെളിപ്പെടുത്തലിനെ തള്ളി ബിജെപി രംഗത്തെത്തി. സാധവി ബിജെപി ഐ ടി സെല്ലില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇവര്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നും ബിജെപി നേതാവ് അരവിന്ദ് ഗുപ്‌ത വ്യക്തമാക്കി.