മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ മരണം കൊലപാതകം! തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു, ദുരൂഹത

ബുധന്‍, 7 ജൂലൈ 2021 (11:36 IST)
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പി.ആര്‍.കുമാരമംഗലത്തിന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് 67 കാരിയായ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുപ്രീം കോടതി അഭിഭാഷകയായിരുന്നു കിറ്റി. മുന്‍ കേന്ദ്രമന്ത്രിയായ കുമാരമംഗലം ആദ്യം കോണ്‍ഗ്രസിലായിരുന്നു. പിന്നീടാണ് ബിജെപിയിലേക്ക് മാറിയത്. 
 
കിറ്റിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസിന് വ്യക്തമായിരുന്നു. തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രാജു ലഖാന്‍ (24) എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കായി അന്വേഷണം നടക്കുകയാണ്. 
 
രാത്രി ഒന്‍പതോടെ വീട്ടിലെ ജോലിക്കാരനും വേറെ രണ്ട് പേരും മോഷണത്തിനായി അതിക്രമിച്ചു കയറുകയായിരുന്നു. ജോലിക്കാരനെ പരിചയമുള്ളതിനാല്‍ കിറ്റി വാതില്‍ തുറന്നുകൊടുത്തു. എന്നാല്‍, ഇവര്‍ കിറ്റിയെ ആക്രമിച്ചു. വീട്ടുജോലിക്കുനിന്നയാളെ മുറിയില്‍ പൂട്ടിയിട്ടു. ഇവരുടെ അലറിക്കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് രാത്രി പതിനൊന്നോടുകൂടി പൊലീസിനെ വിവരം അറിയിച്ചത്. വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍