സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍; ആവശ്യമായ വൈദ്യുതി നൽകാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി

വെള്ളി, 13 ജനുവരി 2017 (12:21 IST)
വൈദ്യുതി പ്രതിസന്ധി മൂലം വലയുന്ന കേരളത്തിനു ആശ്വാസമായി കേന്ദ്രസർക്കാര്‍. സംസ്ഥാനത്തിനു ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയലാണ് അറിയിച്ചത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവരം ധരിപ്പിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
 
ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് 2.80 രൂപ നിരക്കിലാണ് വൈദ്യുതി നല്‍കുക. മഴ കുറഞ്ഞതും രൂക്ഷമായ വേനലുമായതിനാല്‍ കേരളം ലോഡ്ഷെഡിങ്ങിലേക്ക് നീങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. പവർകട്ട് തടയുന്നതിനായി കായംകുളം വൈദ്യുതി എടുക്കുന്നതടക്കമുള്ള ബദൽ മാർഗങ്ങളും സർക്കാർ ചർച്ച ചെയ്തിരുന്നു. 
 
സംസ്ഥാനത്തെ അണക്കെട്ടുകളിൽ 45% മാത്രം വെള്ളമാണുള്ളത്. അതുകൊണ്ടുതന്നെ ജലവൈദ്യുതിയുടെ ഉൽപ്പാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സഹചര്യത്തിലാണ് കേന്ദ്രത്തിൽനിന്ന് വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 
 

വെബ്ദുനിയ വായിക്കുക