മുഖ്യമന്ത്രിയുടെ ആശുപത്രിവാസം അനിശ്ചിതം; ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ ഉപമുഖ്യമന്ത്രിയെത്തും; ഉപമുഖ്യമന്ത്രിയെ ഇവര്‍ നിശ്ചയിക്കും

ശനി, 8 ഒക്‌ടോബര്‍ 2016 (08:04 IST)
ഭരണപ്രതിസന്ധി പരിഹരിക്കാന്‍ തമിഴ്നാട്ടില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കാന്‍ സാധ്യത. മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായതിനാലാണ് ഉപമുഖ്യമന്ത്രിയെ നിയമിക്കാന്‍ ആലോചനകള്‍ നടക്കുന്നത്. ഭാവിയിലെ ഭരണപ്രതിസന്ധി ഒഴിവാക്കാനും മുഖ്യമന്ത്രി രോഗാവസ്ഥയില്‍ തുടരുന്നതിനെതിരായ പ്രതിപക്ഷപ്രതിഷേധം നേരിടാനുമാണ്  ഉപമുഖ്യമന്ത്രിയെ നിയമിക്കുന്നത്.
 
ജയലളിതയ്ക്കൊപ്പം ആശുപത്രിയിലുള്ള തോഴി ശശികല, സര്‍ക്കാര്‍ ഉപദേശക ഷീല ബാലകൃഷ്‌ണന്‍, ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ എന്നിവര്‍ ആയിരിക്കും ഉപമുഖ്യമന്ത്രിയെ കണ്ടെത്തുക. രണ്ടുപ്രാവശ്യം മുഖ്യമന്ത്രി പദവി അലങ്കരിച്ച ഒ പനീര്‍സെല്‍വത്തിനാണ് സാധ്യത കല്പിക്കുന്നത്. കൂടാതെ, എടപ്പാനി പളനി സ്വാമി, ഒ എസ് മണിയന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
 
ഉപമുഖ്യമന്ത്രിയ നിയമിക്കുന്നതിനുള്ള കുടിയാലോചനകള്‍ സര്‍ക്കാര്‍ തലത്തിലും എ ഡി എം കെയിലും ശക്തമായി നടക്കുകയാണ്. ഇതിനിടെ, സംസ്ഥാന ചീഫ് സെക്രട്ടറി പി രാമമോഹന റാവു, ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. 

വെബ്ദുനിയ വായിക്കുക