ഐ എസ് അനുകൂല പ്രസംഗം: ദുബായ് - കോഴിക്കോട് വിമാനം മുംബൈയിൽ അടിയന്തരമായി നിലത്തിറക്കി

Webdunia
വ്യാഴം, 28 ജൂലൈ 2016 (12:49 IST)
ദുബായിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്രതിരിച്ച ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ ഐ എസ് അനുകൂല പ്രസംഗം. കോഴിക്കോട് സ്വദേശിയാണ് ഐ എസിനെ അനുകൂലിച്ച് പ്രസംഗിച്ചതെന്നാണ് സൂചന. ഈ പ്രസംഗത്തെ തുടർന്ന് വിമാനം മുംബൈയിൽ അടിയന്തരമായി നിലത്തിറക്കി. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.
 
സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി എയർപോർട്ട് എസിപി അറിയിച്ചു. എന്നാല്‍ യാത്രക്കാരന്റെ പേരോ മറ്റോ വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. കാസര്‍ഗോഡ് നിന്നും കാണാതായവര്‍ ഒരേ കേന്ദ്രത്തിലാണെന്ന വെളിപ്പെടുത്തലും ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രക്കാരന് മറ്റു ബന്ധങ്ങള്‍ ഉണ്ടോയെന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്.
 
രാവിലെ 4.25ന് ദുബായിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനം പറന്നുയർന്ന് അരമണിക്കൂർ കഴിഞ്ഞ ശേഷമാണ് ഒരാൾ സീറ്റിൽനിന്ന് എഴുന്നേറ്റ് ഇസ്‌ലാമിക പഠനങ്ങളെക്കുറിച്ചും ഐഎസിനെക്കുറിച്ചും പ്രസംഗിക്കാൻ ആരംഭിച്ചത്.
എന്നാല്‍ യാത്രക്കാര്‍ ഇടപെട്ടിട്ടും ഇയാള്‍ പ്രസംഗം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
 
അതോടെ ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. തുടര്‍ന്നാണ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. 9.50 ന് കോഴിക്കോട് എത്തേണ്ട വിമാനമായിരുന്നു ഇത്. ഈ സംഭവത്തെ തുടര്‍ന്ന് പത്തുമണിയോടെയാണ് വിമാനം യാത്ര പുനഃരാരംഭിച്ചത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article