മദ്യപിച്ച് വാഹനമോടിക്കുന്നയാള്‍ ചാവേറിനു തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി
വ്യാഴം, 4 ജൂണ്‍ 2015 (16:06 IST)
മദ്യപിച്ച് അബോധാവസ്ഥയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍ നിരവധി പേരുടെ ജീവനെടുക്കാന്‍ കഴിയുന്ന ചാവേര്‍ ബോംബ് പോലെയാണെന്ന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി. മദ്യപിച്ച് ലക്കുകെട്ട് സ്‌കൂട്ടര്‍ ഓടിച്ച കേസില്‍ രോഹിത് ഭാര്‍ഗവ എന്നയാളുടെ വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവയ്ക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം.
മദ്യമിച്ച് ലക്കുകെട്ട അവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ക്ക് സംഭവിക്കുന്ന നിസാര തെറ്റുപോലും റോഡില്‍ വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കുന്നു. ഇത്തരക്കാര്‍ തങ്ങളുടെ മാത്രമല്ല നിരവധി പേരുടെ ജീവനെടുക്കുന്ന ചാവേര്‍ ബോംബ് പോലെയാണെന്നാണ് തന്റെ അഭിപ്രായമെന്നും ജഡ്ജി ലോകേഷ് കുമാര്‍ ശര്‍മ്മ പരാമര്‍ശിച്ചു. പ്രതി യാതൊരു വിധത്തിലുള്ള ദാക്ഷണ്യം അര്‍ഹിക്കുന്നില്ലെന്ന് അപ്പീല്‍ തള്ളിക്കൊണ്ട് അഡീഷണല്‍ സെഷന്‍സ് കോടതി പറഞ്ഞു.
മെയ് അഞ്ചിനാണ് ഗുലാപി ബാഗ് സ്വദേശിയായ രോഹിത് ഭാര്‍ഗവയെ മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തെ തടവിന് ശിക്ഷിച്ചത്. മദ്യപിച്ച നിലയില്‍ പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാളുടെ പക്കല്‍ ലൈസന്‍സോ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകളോ ഉണ്ടായിരുന്നില്ല. മോട്ടോര്‍ വാഹന നിയമം തെറ്റിച്ചതിന് കോടതി 3600 രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ഭാര്‍ഗവ അപ്പീല്‍ സമര്‍പ്പിച്ചത്.