സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെക്കാനാവില്ലെന്ന് സുപ്രീംകോടതി. നാളെ നടക്കാനിരിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഞായറാഴ്ച നടക്കുന്ന പരീക്ഷക്കായി രാജ്യത്തെ ഒന്‍പത് ലക്ഷം വിദ്യാര്‍ഥികള്‍ തയാറെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കായി പരീക്ഷ മാറ്റിവെക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ (സിസാറ്റ്) ഇംഗ്ളീഷ് സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം ഉപയോഗപ്രദമാകുന്ന രീതിയിലാണ് നടത്തുന്നതെന്നും പ്രാദേശിക ഭാഷകള്‍ മാത്രമറിയുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇംഗ്ളീഷിന് ലഭിക്കുന്ന മാര്‍ക്ക് അന്തിമ പട്ടിക തയാറാക്കുന്നതിന് പരിഗണിക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.