ഡിഎന്‍എ ഡാറ്റാ ബാങ്ക് രൂപീകരിക്കണമെന്ന് സുപ്രീംകോടതി

ബുധന്‍, 16 ജൂലൈ 2014 (13:32 IST)
രാജ്യത്ത് ഡിഎന്‍എ ഡാറ്റാ ബാങ്ക് രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. നിലവില്‍ കാണാതായവരും തിരിച്ചറിയാത്ത മൃതദേഹങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. ഡിഎന്‍എ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 
 
തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ഡിഎന്‍എ വിവരം സൂക്ഷിക്കുന്നത് നിര്‍ബന്ധമാക്കുന്ന പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വ്യക്തികളുടെ സ്വകാര്യതയടക്കം നിരവധി വിഷയങ്ങള്‍ ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട് ഉയരുമെന്നും അതിനാല്‍ അതിസൂക്ഷ്മമായി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കെ കൗള്‍ അറിയിച്ചു. 
 
എന്നാല്‍, മറ്റ് രാജ്യങ്ങളിലെല്ലാം ഇത്തരമൊരു സംവിധാനം നിലനില്‍ക്കുന്നുണ്ടെന്നും ഇന്ത്യമാത്രം മടിച്ചുനില്‍ക്കേണ്ടതില്ലെന്നും ഹര്‍ജി സമര്‍പ്പിച്ച ലോക്നീതി ഫൗണ്ടേഷനുവേണ്ടി ഹാജരായ അഡ്വ അശോക് ദാമിജ വാദിച്ചു. 

വെബ്ദുനിയ വായിക്കുക