ധോണി വിരമിക്കുന്നു ? ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലില്‍; ഡിസംബര്‍ 13ന് എല്ലാം അവസാനിപ്പിക്കും !

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:58 IST)
ഇന്ത്യ - ശ്രീലങ്ക മൂന്നാം ടെസ്റ്റ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടെസ്റ്റിനു ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമുകളും മാറ്റുരക്കുന്നുണ്ട്. അതിനിടെയാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഡിസംബര്‍ 13നു മൊഹാലിയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം ധോണി വിരമിക്കുകയാണെന്നതായിരുന്നു ആ വാര്‍ത്ത. 
 
ഈ വാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് പ്രേമികളെല്ലാം ഞെട്ടലിലാണ്. 2019ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെ ധോണി ക്രിക്കറ്റില്‍ തുടരുമെന്ന കണക്കുകൂട്ടലിലായിരുന്നു ധോണിയുടെ ആരാധകര്‍. എന്നാല്‍ അവരെയെല്ലാം സ്തബ്ധരാക്കുന്നതായിരുന്നു പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെട്ടതു പോലെയല്ല കാര്യങ്ങളെന്ന് പിന്നീടാണ് വ്യക്തമായത്. ധോണി വിരമിക്കുന്നുവെന്ന കാര്യം സത്യമാണ്, എന്നാല്‍ അത് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയല്ല എന്നതാണ് യാഥാര്‍ഥ്യം.
 
മൊഹാലി പൊലീസില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സേവനമനുഷ്ടിക്കുന്ന സ്‌നിഫര്‍ ഡോഗായ ‘ധോണി’യാണ് വിരമിക്കുന്നത്. ഇന്ത്യയും ലങ്കയും തമ്മില്‍ മൊഹാലിയില്‍ വെച്ച് നടക്കുന്ന ഏകദിനത്തില്‍ കൂടി മാത്രമേ ധോണിയുടെ സേവനം പൊലീസ് ഉപയോഗിക്കുകയുള്ളൂ. തുടര്‍ന്ന് അവനെ ഒഴിവാക്കാനാണ് മൊഹാലി പൊലീസ് തിരുമാനിച്ചിരിക്കുന്നത്. മൂന്നു വയസ്സ് മുതലാണ് മൊഹാലി പൊലീസിനു വേണ്ടി ധോണി ജോലി ചെയ്തത്. നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ധോണി പൊലീസിനു മുതല്‍ക്കൂട്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍