കള്ളപ്പണം കൈവശംവെയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സര്‍ക്കാറിന്റെ പദ്ധതി ഉടന്‍ അവസാനിക്കുമെന്നും വെളിപ്പെടുത്താത്തവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ പറഞ്ഞു.
2016 ഡിസംബര്‍ 17 മുതല്‍ മാര്‍ച്ച് 31 വരെയാണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി. ഈ കാലാവധിയ്ക്കുള്ളില്‍ നികുതിയടയ്ക്കാതെ സൂക്ഷിക്കുന്ന പണം വെളിപ്പെടുത്തണമെന്നും, ഇപ്രകാരം വെളിപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴും കള്ളപണം സൂക്ഷിക്കുന്നവരുണ്ട്. അവരെ പറ്റി കൃത്യമായ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.
കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സര്‍ക്കാറിന്റെ പദ്ധതി അനുസരിച്ച് 50 ശതമാനം തുക സര്‍ക്കാരിന് നല്‍കിയാല്‍ കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കാം. ഈ സമയപരിധി കഴിഞ്ഞ് കണ്ടെത്തുന്ന കള്ളപ്പണത്തിന് 85 ശതമാനം പണം ഈടാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.