ബുക്ക് ചെയ്താല്‍ 10 വര്‍ഷം കഴിഞ്ഞ്‌ ഡ്രോണ്‍ വഴി ഫോണ്‍; ഫ്രീഡം 251നെ പരിഹസിച്ച് ഫ്രീഡം 651

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2016 (18:01 IST)
ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിനുപിന്നാലെ ഇതാവരുന്നു ഫ്രീഡം 651 സ്മാര്‍ട്ട്‌ഫോണ്. ഫ്രീഡം 251 എന്ന സ്മാര്‍ട്ട് ഫോണിനെ കളിയാക്കി കൊണ്ട് ഇറങ്ങിയ പാരഡി സൈറ്റിലാണ് ഇതേകുറിച്ച് വ്യക്തമാക്കുന്നത്‍.ഈ സൈറ്റില്‍ ഫോണ്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന വൃദ്ധന്റെ ഫോട്ടോയാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ചൊവ്വയില്‍ മാത്രം കണ്ടുവരുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിക്കുന്നതെന്നും സൈറ്റില്‍ പറയുന്നു. ഈ സൈറ്റില്‍ ബുക്ക് ചെയ്തവര്‍ക്ക് ഒരിക്കലും ഫോണ്‍ ലഭിക്കില്ലെന്ന് ആദ്യം തന്നെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രീഡം 251 ഫോണ്‍ ബുക്ക് ചെയ്യാന്‍ തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ അതേ രൂപത്തിലും ഭാവത്തിലുമാണ് പുതിയ സമാര്‍ട്ട് ഫോണിന്റെ വെബ്‌സൈറ്റും തയ്യാറാക്കിയിരിക്കുന്നത്. 'ഡെസിന്റ് റിങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് ഈ കമ്പനിയുടെ പേര്.

സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ഡെലിവറി സമയം 2026 ജൂണ് 30ആണ്. ഡ്രോണ്‍ വഴിയാകും വിതരണമെന്നും കമ്പനി പറയുന്നു. കോണ്‍ടാക്‌സ് അസ് സെക്ഷനില്‍ ഉപഭോക്താവിന്റെ അപ്പൂപ്പന്റെയും അയല്‍ക്കാരന്റെയും വിവരങ്ങളും ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവിവരങ്ങളും ചേര്‍ത്താല്‍ സബ്മിറ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കാനും വെബ്‌സൈറ്റ് നിര്‍മാതാക്കള്‍ മറന്നിട്ടില്ല.

പ്രധാനമന്ത്രിയുടെ കണക്ട് ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഫ്രീഡം 251 എന്ന ഫോണ്‍ ഇതുവരെ രാജ്യത്തെ ഒരു ഉപയോക്താവിനു പോലും കിട്ടിയിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ആള്‍ക്കാരെ കബളിപ്പിക്കലാണോ എന്ന ചോദ്യമാണ് ഇതിനെതിരെ ഉയരുന്നത്. ഫോണിന്റെ സൈറ്റില്‍ കയറിയാല്‍ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് കാണാം. ഇതുവരെ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ബുക്കിംഗ് ചെയ്യാന്‍ പറ്റിയിരുന്നുള്ളൂ. ഫോണിനെതിരെ രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.