കുട്ടിക്കുറ്റവാളി സ്വതന്ത്രൻ; വനിതാകമ്മീഷന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (12:08 IST)
ഡൽഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ ശിക്ഷാ കാലാവധി പൂർത്തിയായതിനെ തുടർന്ന് ജുവനൈൽ ഹോമിൽ നിന്ന് മോചിപ്പിച്ച നടപടി റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ സുപ്രീംകോടതി വിസമ്മതിച്ചു. പ്രതിയെ ജുവനൈല്‍ ഹോമില്‍ നിന്നും മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കുട്ടിക്കുറ്റവാളിയെ പുറത്തിറക്കുന്നത് തടയാനാവില്ലെന്നും നിയമത്തിന്‍റെ പരിധി ലംഘിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ജസ്റീസുമാരായ എകെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പ്രശ്നത്തില്‍ തങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് പറഞ്ഞ കോടതി കുട്ടിക്കുറ്റവാളികളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ വെക്കണമെന്ന കമ്മീഷന്‍റെ നിര്‍ദേശവും തള്ളി. ബാലനീതി വകുപ്പുകള്‍ അനുസരിച്ചുള്ള ശിക്ഷയെ നിലവില്‍ നല്‍കാന്‍ കഴിയൂ. ശിക്ഷാ കാലാവധി കഴിഞ്ഞും പ്രതിയെ തടവില്‍ വച്ചാല്‍ പൌരന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി പറഞ്ഞു.

വനിതാ കമ്മിഷന്റെ ഹര്‍ജിയെ അനുകൂലിക്കുന്ന കേന്ദ്രം പക്ഷെ, ഇക്കാര്യത്തില്‍ പുതിയ നിയമം കൊണ്ടുവന്നിട്ടില്ല.  കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ഹർജിയെ വെറുതെ പിന്തുണയ്ക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ജുവനൈൽ ഹോമിലെ ശിക്ഷാക്കാലാവധി പരമാവധി മൂന്നു വർഷമാണ്. അത് നീട്ടാൻ നിയമത്തിൽ വ്യവസ്ഥയില്ല. നിയമം സംബന്ധിച്ച് കോടതിക്കും ആശങ്കയുണ്ട്. പക്ഷേ, നീതി നടപ്പാക്കുന്നു എന്നതിന്റെ പേരിൽ മൗലികാവകാശങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി.

ബാലനീതി നിയമവുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷൻ പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുക്കുന്നു. പ്രതിയെ വിട്ടയക്കുന്നതിനെതിരേ വലിയ ഭീഷണികള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അംഗീകരിക്കാനും മനോനിലപഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും കോടതി തള്ളി.

വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൽ ആണ് സ്പെഷ്യൽ ലീവ് പെറ്റീഷനുമായി കോടതിയെ സമീപിച്ചത്. എന്നാല്‍, കടുത്ത സമ്മര്‍ദ്ദത്തിനിടെ ബാലനീതി നിയമം ഉടന്‍ തന്നെ ചര്‍ച്ച ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഞായറാഴ്ച മോചിപ്പിച്ച പ്രതിയെ സുരക്ഷ കാരണങ്ങളാൽ ഡൽഹിയിൽ തന്നെയാണ് താമസിപ്പിക്കുന്നത്. പേര് വെളിപ്പെടുത്താത്ത സർക്കാരിതര സംഘടനയ്ക്കാണ് കുട്ടിക്കുറ്റവാളിയെ കൈമാറിയിരിക്കുന്നത്. ഇയാളുടെ ജീവനു ഭീഷണിയുള്ളതിനാൽ അതീവ രഹസ്യമായാണ് മോചിപ്പിക്കലിനു ശേഷമുള്ള ഓരോ നടപടികളും പൂർത്തിയായത്.

മൂന്നു വർഷങ്ങൾക്കും മുമ്പുള്ള ഒരു ഡിസംബർ 15ന് ആയിരുന്നു ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന ജ്യോതി സിംഗ് ക്രൂര മാനഭംഗത്തിനിരയായത്. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ആറുപേരുടെ സംഘത്തിൽ പെൺകുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് പ്രായപൂർത്തിയാകാത്ത കുറ്റവാളിയായിരുന്നു.

വെബ്ദുനിയ വായിക്കുക