അർധരാത്രിയിൽ വീഡിയോകോൾ, മുന്നിൽ നഗ്നയായ യുവതി, 71കാരനായ ഡോക്ടർക്ക് നഷ്ടമായത് 8.6 ലക്ഷം

അഭിറാം മനോഹർ

വെള്ളി, 8 മാര്‍ച്ച് 2024 (19:02 IST)
ഡല്‍ഹിയില്‍ 71കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി 8.6 ലക്ഷം രൂപ സ്വന്തമാക്കിയതായി പരാതി. അര്‍ധനഗ്‌നയായ യുവതിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കള്‍ പണം തട്ടിയത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍(39),സഹോദരന്‍ ആമിര്‍ ഖാന്‍(26) എന്നിവരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
 
ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ക്ക് അര്‍ധരാത്രിയില്‍ വീഡിയോ കോള്‍ വരികയായിരുന്നു. അടിയന്തിരമായ ആവശ്യത്തിനായി ഏതെങ്കിലും രോഗികള്‍ വിളിക്കുകയായിരിക്കുമെന്ന് കരുതി ഫോണ്‍ എടുത്തപ്പോള്‍ അര്‍ധനഗ്‌നയായ യുവതിയാണ് ഫോണിന്റെ മറുതലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീയുമായുള്ള വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണി പിന്നാലെ എത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് 8.6 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു.
 
പിന്നെയും ഭീഷണി തുടര്‍ന്നതോടെയാണ് ഡോക്ടര്‍ പോലീസിനെ സമീപിച്ചത്. വിശദമായ അന്വേഷണത്തിലാണ് രാജസ്ഥാന്‍ സ്വദേശികളായ സഹോദരങ്ങള്‍ പോലീസിന്റെ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. വീഡിയോ കോള്‍ ചെയ്യാനും ഭീഷണി കോള്‍ ചെയ്യാനും ഉപയോഗിച്ച് 7 ഫോണുകളും സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. ഡോക്ടറെ കൂടാതെ നിരവധി പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളതായി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ അപൂര്‍വ ഗുപ്ത പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍