നിങ്ങൾ അശ്ലീല വീഡിയോകൾ കാണുന്നു, ഫോൺ നിരീക്ഷണത്തിലാണ്, സ്ത്രീകളെ കുടുക്കാൻ പുതിയ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പോലീസ്

അഭിറാം മനോഹർ

ഞായര്‍, 3 മാര്‍ച്ച് 2024 (16:21 IST)
വിദേശത്തുനിന്ന് വാട്‌സാപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് പോലീസ്.പൂര്‍ണമായും അപരിചിതമായ രാജ്യാന്തര വാട്‌സാപ്പ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് സ്ത്രീകള്‍ക്ക് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സൈബര്‍ ഡി വൈ എസ് പി എന്ന് പരിചയപ്പെടുത്തികൊണ്ട് അശ്ലീല വീഡിയോകള്‍ കാണുന്നതിനാല്‍ ഫോണ്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോളുകള്‍ വരുന്നത്. കേസ് ഒഴിവാക്കാന്‍ പണം നല്‍കണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.
 
കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
വിദേശത്തുനിന്ന് വാട്‌സാപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക.
 
അപരിചിതമായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളില്‍ വിശ്വസിച്ച് നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. സൈബര്‍ ഡിവൈ എസ് പി എന്നു പരിചയപ്പെടുത്തിയാണ് ഇക്കൂട്ടര്‍ വിളിക്കുന്നത്. താങ്കളുടെ ഫോണ്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നു. ഇതോടെ പേടിച്ചു പോകുന്ന സ്ത്രീകളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിളിച്ച് കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകള്‍ സ്വീകരിക്കാതിരിക്കുക. എല്ലാത്തരം സൈബര്‍ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കുക. സംശയാസ്പദമായ സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍