‘ജനങ്ങള്‍ക്ക് മുമ്പില്‍ താന്‍ എഴുതുന്ന പരീക്ഷയാണ് നാളത്തെ ബജറ്റ്’: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഞായര്‍, 28 ഫെബ്രുവരി 2016 (15:40 IST)
നാളെ പാര്‍ലമെന്റില്‍ നടക്കുന്ന യൂണിയന്‍ ബജറ്റ് നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍ക്ക് മുമ്പില്‍ താന്‍ എഴുതുന്ന പരീക്ഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിവാര റേ‍ഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്റെ പതിനേഴാം പതിപ്പില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി ഉപദേശം നല്‍കി. പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാർഥികൾ മൽസരിക്കേണ്ടത് അവനവനോടുതന്നെയാണെന്ന് ഓർമപ്പെടുത്തിയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രതീക്ഷകളുടെ അമിതഭാരം നിമിത്തം സ്വയം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന മോദി മറ്റുള്ളവര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളുടെ സമ്മര്‍ദത്തില്‍ വീണു പോവരുതെന്നും ഉപദേശിച്ചു.

തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്തിയ വിദ്യാർഥികളേയും മാതാപിതാക്കളേയും അധ്യാപകരേയും
പ്രധാനമന്ത്രി അഭിനന്ദിച്ചു. ആദ്യം ലക്ഷ്യം നിര്‍ണയിക്കുക. അതിനുശേഷം സമ്മര്‍ദങ്ങള്‍ അകറ്റി മനസ്സിനെ സ്വതന്ത്രമാക്കുക. പരീക്ഷ എന്നത് മാര്‍ക്കുകള്‍ കൊണ്ട് മാത്രം അളക്കേണ്ടതല്ല. ഈ പരീക്ഷകളില്‍ എന്തു സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ വലിയ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് നടക്കുന്ന പരീക്ഷയും നാളെ നടക്കുന്ന ബജറ്റ് പരീക്ഷയും വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തത പാലിച്ച് ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിടുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക