ചരിത്ര വിജയം നേടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി വീണ്ടും അഴിമതി കുരുക്കില്‍. സര്‍ക്കാര്‍ പരസ്യങ്ങളുടെ കരാര്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബന്ധുക്കള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. 526 കോടി രൂപയുടെ കരാറാണ് മനീഷ് സിസോദിയയുടെ ബന്ധുക്കള്‍ക്ക് നല്‍കിയത്. സംഭവം രാഷ്ട്ര്രീയ ആയുധമാക്കാനാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കം.
മന്ത്രിമാരുടെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം, ഉള്ളി കുംഭകോണം, സോമനാഥ് ഭാരതിയുടെ പേരിലുള്ള ഗാര്‍ഹിക പീഡന കേസ്, സര്‍ക്കാര്‍ പരസ്യത്തിനായി 526 കോടി രൂപ നീക്കിവച്ചത് തുടങ്ങിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയെ വെട്ടിലാക്കി പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണം സംബന്ധിച്ച് പരാതി ലഭിച്ചതായി ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ മീന സ്‌ഥിരീകരിച്ചു.
പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ഡയറക്‌ടറേറ്റിന് നോട്ടീസ് അയച്ചതായും അദ്ദേഹം സ്‌ഥിരീകരിച്ചു. മുകേഷ് കുമാര്‍ മീനയുമായി കെജ്രിവാള്‍ സര്‍ക്കാര്‍ അത്ര രസത്തിലല്ല. മീനയുടെ നിയമനത്തിനെതിരെ ഡല്‍ഹി സര്‍ക്കാല്‍ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ നിയമിച്ച ഉദ്യോഗസ്‌ഥനാണ് മുകേഷ് കുമാര്‍ മീന.
മീനയുടെ നിയമനം അംഗീകരിക്കാന്‍ വിസമ്മതിച്ച സംസ്‌ഥാന സര്‍ക്കാര്‍ സമാന്തരമായി ഡല്‍ഹി അഡീഷണല്‍ കമ്മീഷണര്‍ എസ്.എസ് യാദവിനെ അതേ പോസ്റ്റില്‍ നിയമിക്കുകയും ചെയ്തിരിന്നു. ഒടുവില്‍ ഗവര്‍ണറുടെ തീരുമാനത്തിനു സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. അതിനാല്‍ മീനയുമായി അധികം സൌഹൃദത്തിലല്ലാത്ത സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ കേസെടുത്തത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും.