പെട്രോള്‍ പമ്പ് ജീവനക്കാരനായ 24കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്താണ് ആര്‍ ശക്തിവേല്‍ എന്ന യുവാവിനെതിരെ ക്രൂരമര്‍ദനം ഉണ്ടാകുന്നത്. പൊതുവഴിയില്‍ വിസര്‍ജനം നടത്തിയെന്നാരോപിച്ചായിരുന്നു ദളിത് യുവാവിനെ ക്രൂരമായി തല്ലിക്കൊന്നത്.
പട്ടികജാതി അദി ദ്രാവിഡ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് ശക്തിവേല്‍. ദളിതായതുകൊണ്ട് മാത്രമാണ് ശക്തിവേലിന് ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്നതെന്ന് ശക്തിവേലിന്റെ സഹോദരി തൈവണൈ സണ്ടേ എക്‌സ്പ്രസിനോട് പറഞ്ഞു. വില്ലുപുരത്ത് ശക്തമായ പ്രതിനിധ്യമുള്ള ദളിത് വിഭാഗത്തിനെതിരെ വിദ്വേഷം വച്ചുപുലര്‍ത്തുന്ന വന്നിയാര്‍ എന്ന വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
സംഭവം നടന്ന ഉച്ചയ്ക്ക് ശേഷം ചൊവ്വാഴ്ച പെട്രോള്‍ പമ്പിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച വെളുപ്പിന് വീട്ടിലെത്തിയതാണ് ശക്തിവേല്‍. ആ സമയത്ത് എന്തോ വേരിഫിക്കേഷനായി ആധാര്‍ കാര്‍ഡും ഫോട്ടോയുമായി ശക്തിവേലിനോട് പെട്രോള്‍ പമ്ബിലെത്താന്‍ സഹപ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.30 ഓടെ ശക്തിവേല്‍ വീട്ടില്‍ നിന്നിറങ്ങി.