പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും: കരസേനാ മേധാവി

വെള്ളി, 1 ഓഗസ്റ്റ് 2014 (14:34 IST)
പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പെരുമാറ്റമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവിയായി ചുമതലയേറ്റ ദല്‍ബീര്‍ സിങ് സുഹാഗ്. ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ജനുവരി എട്ടിന് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നു ലാന്‍സ്നായിക് ഹേംരാജിന്റെ തലയറുത്തു മാറ്റുകയും മറ്റൊരു സൈനികനായ സുധാകര്‍ സിങ്ങിന്റെ മൃതശരീരം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുഹാഗിന്റെ മറുപടി.

ഇത്തരം ഹീനകൃത്യങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നാണ് കരസേനാ മേധാവി അറിയിച്ചത്.കഴിഞ്ഞ ഡിസംബര്‍ മുതല്‍ കരസേന ഉപമേധാവിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്ന സുഹാഗിന് സേനാ മേധാവിയായി രണ്ടര വര്‍ഷത്തെ ഔദ്യോഗിക കാലാവധിയുണ്ടായിരിക്കും.

സ്ഥാനമൊഴിയുന്ന ചടങ്ങിനിടെ പാക്കിസ്ഥാനുമായി ചെറിയ ഏറ്റുമുട്ടലുകള്‍ ഇനി സംഭവിച്ചേക്കുമെന്ന് ജനറല്‍ ബിക്രം സിംഗ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കരസേനാ മേധാവിയുടെ പ്രസ്താവന

വെബ്ദുനിയ വായിക്കുക