‘ക്യൂ’ നില്‍ക്കുന്നവരുടെ സങ്കടമറിയാന്‍ അതിരാവിലെ എത്തി; എ ടി എം മെഷീനുകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ പറഞ്ഞത് കേട്ട് രാഹുല്‍ ഗാന്ധി ഞെട്ടി

തിങ്കള്‍, 21 നവം‌ബര്‍ 2016 (12:15 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി മൂന്നാമത്തെ ആഴ്ചറ്യും തുടരുന്നു. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ ഒറ്റപ്പെടുത്തിയുള്ള നടപടികളിലേക്ക് കോണ്‍ഗ്രസ് നീങ്ങുമ്പോള്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നു. എ ടി എം മെഷീനുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്ന പൊതുജനത്തിന്റെ സമീപത്തേക്കാണ് രാഹുല്‍ ഗാന്ധി എത്തിയത്.
 
ഡല്‍ഹിയിലെ ജഹാംഗിര്‍പുരി, ഇന്ദര്‍ലോക്, സാകിറ മേഖലകളിലെ എ ടി എം മെഷീനുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളുകളുടെ സമീപമാണ് രാഹുല്‍ ഗാന്ധി എത്തിയത്. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 500 രൂപ,  1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ട് തിങ്കളാഴ്ച പതിമൂന്ന് ദിവസമായി.
 
തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാഹുല്‍ ഗാന്ധി എ ടി എമ്മുകള്‍ക്കു മുന്നിലെത്തിയത്. അതിരാവിലെ തന്നെ പണത്തിനായി എ ടി എമ്മുകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കാന്‍ എത്തിയവരുമായാണ് രാഹുല്‍ സംവദിച്ചത്. 
ദൈനംദിന ചെലവിനായി സാധുവായ നോട്ടുകള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ജനം എ ടി എമ്മുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നത്.
 
നോട്ട് വിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി പൊതുജനത്തെ കാണാന്‍ എത്തുന്നത്. നവംബര്‍ 17ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിടുത്തെ കച്ചവടക്കാരുമായി സംസാരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക