റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി തോട്ടം കയ്യേറി മരം വെട്ടുന്നത് തടഞ്ഞതിന് പരിസ്ഥിതിവാദിയായ പെണ്‍കുട്ടിയെ അക്രമികള്‍ ചുട്ട് കൊന്നു. ജോധ്പൂരില്‍ ഞായറാഴ്‌ച്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
ജോധ്പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഗ്രാമത്തിലൂടെ റോഡ് വെട്ടാന്‍ അധികൃതര്‍ എത്തിയപ്പോള്‍ ലളിത എന്ന 20 കാരി തന്റെ തോട്ടത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. ഇതേ തുടര്‍ന്ന് ഒരു കൂട്ടം ഗ്രാമീണര്‍ ഇവര്‍ക്കെതിരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണമടയുകയായിരുന്നു. പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചവരില്‍ വില്ലേജ് സര്‍പാഞ്ച് രണ്‍വീര്‍ സിംഗ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഓം പ്രകാശ്, എന്നിവരും ഉണ്ടെന്ന് സൂചന.