ക്രിക്കറ്റ് ദൈവം എത്തി

Webdunia
ചൊവ്വ, 27 മെയ് 2014 (08:55 IST)
ഇന്ത്യന്‍ ഫുട്ബോള്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തി. ഇന്നു രാവിലെ 8.30ന്‌ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍നിന്നുമാണ് സച്ചിന്‍ തിരുവനന്തപുരത്തെത്തിയത്.
 
സച്ചിന്‍ ആദ്യം കെസിഎ ഭാരവാഹികളുമായും തുടര്‍ന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ എന്നിവരുമായും ചര്‍ച്ച നടത്തും. കൊച്ചി ടീമിന്‌ സര്‍ക്കാരിന്റെ പിന്തുണയും കൊച്ചിയിലെ മല്‍സരങ്ങള്‍ക്ക്‌ അടിസ്ഥാനസൗകര്യമൊരുക്കാനുള്ള സഹായവും അഭ്യര്‍ഥിച്ചാണ്‌ ഭാരതരത്ന ജേതാവ്‌ കൂടിയായ സച്ചിന്‍ എത്തുന്നത്‌. ടീമിനെക്കുറിച്ചുള്ള സ്വപ്നങ്ങളും കേരളത്തിലെ ഫുട്ബോള്‍ രംഗത്തെ നവീകരിക്കാനുള്ള പദ്ധതികളും സച്ചിന്‍ പങ്കുവയ്ക്കും. 
 
ഉച്ചയ്ക്ക്‌ തിരുവനന്തപുരത്ത്‌ നിന്നു കല്യാണ്‍ സില്‍ക്ക്സിന്റെ ചെറുവിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സച്ചിന്‍ മൂന്നു മണിയോടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സച്ചിന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട്‌ ബോളിങ്‌ പ്രകടനങ്ങളും പിറന്ന ഇവിടെ അദ്ദേഹത്തോടുള്ള ആദരസൂചകമായി പവലിയന്‍ ഒരുക്കിയത്‌ സച്ചിന്റെ വിരമിക്കലിനോടനുബന്ധിച്ചാണ്‌. 
 
മലയാള മനോരമയായിരുന്നു അങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്‌. ഇന്ത്യന്‍ നായകന്‍ എം.എസ്‌.ധോണിയാണ്‌ പവലിയന്‍ ഉദ്ഘാടനം ചെയ്‌തത്‌. സച്ചിന്റെ കൈയ്യൊപ്പുള്ള ജെഴ്സിയും ബാറ്റും സച്ചിന്റെ കളിമുഹൂര്‍ത്തങ്ങളും നിറയുന്ന പവലിയനില്‍ സച്ചിന്‍ എത്തുന്നത്‌ ആദ്യമായിട്ടാണ്‌. 
 
ഐഎസ്‌എല്‍ മല്‍സരങ്ങള്‍ക്ക്‌ വിനോദ നികുതി ഇളവ്‌ നല്‍കുന്നതു സംബന്ധിച്ച്‌ മേയര്‍ ടോണി ചമ്മണിയുമായും മറ്റ്‌ ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെഎഫ്‌എ പ്രസിഡന്റ്‌ കെ.എം.ഐ.മേത്തര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. വൈകിട്ടു മുംബൈയ്ക്കു മടങ്ങും.