ക്രിക്കറ്റ് താരം അമിത് മിശ്രയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (14:28 IST)
കയ്യേറ്റം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിനിയും ഹിന്ദി ചലച്ചിത്ര നിര്‍മാതാവുമായ വന്ദനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് ചെയ്ത അമിത് മിശ്രയേ സ്റ്റേഷന്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.
നേരത്തെ ഒരാഴ്ചയ്ക്കുള്ളില്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് അമിത് മിശ്രയ്ക്ക് ബംഗളൂരു പൊലീസ് നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്ന് ഹാജരായ മിശ്രയേ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പരിശീലനത്തിന് ബെംഗളൂരുവില്‍ തങ്ങിയ അമിത് മിശ്ര കയ്യേറ്റം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സെപ്റ്റംബര്‍ 25-ന് നഗരത്തിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു സംഭവം. വഴക്കിനിടെ അമിത് മിശ്ര ചായക്കോപ്പകൊണ്ട് അടിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷത്തോളമായി അമിത് മിശ്രയെ പരിചയമുണ്ടെന്നാണ് യുവതി പറഞ്ഞത്.