ഡല്‍ഹിയില്‍ എകെജി ഭവനു നേരേ ആക്രമണം; ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചുശേഷം പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി, ഒരാള്‍ പിടിയില്‍
സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവന് നേരെ ആക്രമണം. ഭായ് വീർ സിംഗ് മാർഗിലെ പാർട്ടി ഓഫീസിന് മുന്നിലെ ബോർഡിൽ കരി ഓയിൽ കൊണ്ട് പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമായിരുന്നു. സംഭവത്തില്‍ അക്രമി സംഘത്തിലെ പ്രധാനിയെന്നു കരുതുന്നയാളെ പിടികൂടി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുശാന്ത് എന്നയാളെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പാകിസ്ഥാൻ മൂർദ്ദാബാദ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് സിപിഎമ്മിന്റെ ബോർഡിൽ കരിഓയിൽ ഒഴിച്ച ശേഷം എഴുതിവച്ചത്. പാർട്ടിയുടെ പേരും കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ വിലാസവും എഴുതി വച്ചിരിയ്ക്കുന്ന ബോർഡിൽ മുദ്രാവാക്യങ്ങൾ എഴുതിയ വെള്ള പേപ്പറുകൾ ഒട്ടിച്ച് മറയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്‌തിട്ടുണ്ട്.
ആക്രമികളിൽ ഒരാൾ ആം ആദ്മി പാർട്ടിയിൽ നിന്ന് പിളർന്നു പുറത്തുപൊയ വിഭാഗമായ ആം ആദ്മി സേനയുടെ തൊപ്പിയും ധരിച്ചിരുന്നു. തങ്ങൾ ഒരു പാർട്ടിയുടേയും പ്രവർത്തകരല്ലെന്നും ദേശവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിയ്ക്കുകയാണ് ചെയ്‌തതെന്നുമാണ് അക്രമികളുടെ വിശദീകരണം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളുടെ ഭാഗമാണ് പാര്‍ട്ടി ഓഫീസിനു നേരെയുമുണ്ടായതെന്നു സംശയിക്കുന്നു.