അടുത്ത 2-4 ആഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം; ആശങ്കയായി പുതിയ മുന്നറിയിപ്പ്

വ്യാഴം, 17 ജൂണ്‍ 2021 (16:14 IST)
ഇന്ത്യയില്‍ അടുത്ത രണ്ട് മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം ! ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പാണ് മഹാരാഷ്ട്രയില്‍ നിന്ന് കേള്‍ക്കുന്നത്. അടുത്ത രണ്ട് മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം മഹാരാഷ്ട്രയെയോ മുംബൈ നഗരത്തെയോ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സും ആരോഗ്യവിദഗ്ധരുമാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് ദിവസത്തെ തിരക്കും ആള്‍ക്കൂട്ടവും പരിഗണിച്ചാണ് ഇങ്ങനെയൊരു മുന്നറിയിപ്പ്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമാണ് മൂന്നാം തരംഗത്തിനു കാരണമാകുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ ഇതുവരെ മൂന്നാം തരംഗം എവിടെയും സ്ഥിരീകരിച്ചിട്ടില്ല. മൂന്നാം തരംഗ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും ആരോഗ്യവകുപ്പും അതീവ ജാഗ്രതയിലാണ്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കോവിഡ് വാക്‌സിന്‍, രോഗികളെ ചികിത്സിക്കാനുള്ള ബെഡ് സൗകര്യം എന്നിവ വിപുലീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗം ഉടനെന്നാണ് മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും അതിതീവ്ര രോഗവ്യാപനത്തിനു കാരണമാകുക. കോവിഡ് കേസുകളുടെ എണ്ണം അതിവേഗം ഇരട്ടിക്കാനുള്ള സാധ്യതയുണ്ട്. വാക്‌സിനേഷന്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കണമെന്നും ടാസ്‌ക്‌ഫോഴ്‌സിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍