ഇത് നാലാം തരംഗമോ? രാജ്യത്ത് വീണ്ടും കോവിഡ് ഭീതി, കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

വെള്ളി, 17 മാര്‍ച്ച് 2023 (07:32 IST)
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുകയാണെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കണമെന്നും കത്തില്‍ പറയുന്നു. 
 
' ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കണം,' ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. 
 
വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍