ഇന്ത്യയെ മികച്ച സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ഒരവസരവും പാഴാക്കില്ല, കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് ചരിത്രപരമെന്ന് പ്രധാനമന്ത്രി

വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (16:29 IST)
ഡൽഹി: ഇന്ത്യയിലെ കമ്പനികളിലെ കോർപ്പറേറ്റ് നികുതിയിൽ ഇളവ് വരുത്തിയത് ചരിത്രപരമായ പ്രഖ്യാപനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വ്യവസായത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഒരു അവസരവും കേന്ദ്ര സർക്കാർ പാഴാക്കില്ല എന്നും 130 കോടി ഇന്ത്യക്കാർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നും നരേന്ദ്രമോദി ട്വീറ്റിൽ പറഞ്ഞു.  
 
'കോർപ്പറേറ്റ് ടാക്സിൽ ഇളവ് വരുത്തിയ നടപടി ചരിത്രപരമാണ്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയെ കൂടുതൽ കര്യക്ഷമമാക്കുന്നതിനാണ് ഇത്. ആഗോള തലത്തിൽ തന്നെ ഇന്ത്യയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ പുതിയ പ്രഖ്യാപനം സഹായിക്കും. ഇതുവഴി രാജ്യത്തെ 130കോടി ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും' പ്രധാനമന്ത്രി പറഞ്ഞു.
 
കോർപ്പറേറ്റ് ടാക്സ് 22 ശതമാനമാക്കിയാണ് കേന്ദ്ര സർക്കാർ ചുരുക്കിയത്. ഇതോടെ കമ്പനികൾ സർചാർജുകൾ അടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക മേഖലയിൽ കാര്യമായ ഇടപെടലുകൾ കേന്ദ്ര സർക്കർ നടത്തുന്നത്. നഷ്ടത്തിൽ നീങ്ങുന്ന 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്ന് നേരത്തെ തന്നെ ധനമന്തി പ്രഖ്യാപിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍