പാചകവാതകത്തിന്റെ നികുതി ഏകീകരിക്കുന്നു, കുടുംബ ബജറ്റ് ആവിയാകും...!

വെള്ളി, 30 ഒക്‌ടോബര്‍ 2015 (15:09 IST)
പാചകവാതകത്തിന്റെ നികുതി ഏകീകരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്ന എല്‍പിജിയുടെയും നികുതികള്‍ ഏകീകരിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചുകഴിഞ്ഞു.  സബ്‌സിഡിയുള്ളത്, ഇല്ലാത്തത്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളത്, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ളത് എന്നിങ്ങനെ എല്ലാറ്റിനും ഒറ്റനികുതി ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

നികുതി ഏകീകരിക്കുന്നത് പാചകവാതകത്തിന്റെ ദുരുപയോഗം കുറയ്ക്കുമെങ്കിലും വീട്ടാവശ്യത്തിനായി പാചകവാതകം വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാണ്. ഇത് വീട്ടാവശ്യത്തിനായി വാങ്ങുന്ന പാചക വാതകത്തിന്റെ വില വര്‍ധിക്കാനിടയാക്കും. 14.2 കി.ഗ്രാം തൂക്കംവരുന്ന വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് നിലവില്‍ എക്‌സൈസ് തീരുവയോ കസ്റ്റംസ് തീരുവയോ ഇല്ല.

അതേസമയം വാണിജ്യാവശ്യത്തിനുള്ള എല്‍പിജിക്ക് അടിസ്ഥാന കസ്റ്റംസ് നികുതിയിനത്തില്‍ 5 ശതമാനവും അഡീഷണല്‍ കസ്റ്റംസ് ഡൂട്ടിയായി 8 ശതമാനവും സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടിയിനത്തില്‍ 8 ശതമാനവുമാണ് ഈടാക്കുന്നത്.  നികുതി ഏകീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നികുതികളെല്ലാം വീട്ടാവശ്യത്തിനായി വാങ്ങുന്ന പാചകവാതകത്തിനു മേലും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക