വംശീയ വിദ്വേഷം; ദളിത് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ചാണകം തീറ്റിച്ചു
കടുത്ത തോതില്‍ വംശീയ വിദ്വേഷം നില നില്‍ക്കുന്ന മധ്യപ്രദേശില്‍ പഞ്ചായത്ത് ഡപ്യൂട്ടി ചീഫ് ആയി തെരഞ്ഞെടുക്കപ്പെട്ട ദളിത് യുവതിയെ മേല്‍ ജാതിക്കാര്‍ ചാണകം തീറ്റിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലെ കുന്‍വാര്‍പൂര് ഗ്രാമ പഞ്ചായത്തിലെ ഡപ്യൂട്ടി ചീഫായ കുസ്‌മാ ജാദവിനാണ് ഈ ദുരാനുഭവം ഉണ്ടായത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് പഞ്ചായത്ത് ഡപ്യൂട്ടി ചീഫ് ആയി ഒരു ദളിത് യുവതി തെരഞ്ഞെടുക്കപ്പെടുന്നത്. ഇതില്‍ പ്രകോപിതരായ നാട്ടിലെ ഉയര്‍ന്ന സമുദായക്കാര്‍ കുസ്‌മാ ജാദവിന്റെ വീട് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. അവശയായ യുവതിയെ ഉയര്‍ന്ന സമുദായക്കാര്‍ ബലം പ്രയോഗിച്ച് ചാണകം തീറ്റിക്കുകയുമായിരുന്നു.
പഞ്ചായത്തിലെ 'സര്‍പഞ്ച്' സ്‌ഥാനം വഹിക്കുന്ന കഞ്ചന്‍ റാവത്തും സംഘവുമാണ് ഇവരുടെ വീട് ആക്രമിച്ചതും ചാണകം തീറ്റിച്ചതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുവതി പൊലീസില്‍ പരാതി നല്‍കിയോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.